ഇൻസ്റ്റഗ്രാം റീൽസ് കണ്ട് വിശ്വസിച്ചു; വിവാഹദിനം കേറ്ററിംഗ് സംഘം അഡ്വാൻസ് തുകയുമായി മുങ്ങി

​കാഞ്ഞിരപ്പള്ളി: ഇൻസ്റ്റഗ്രാം റീൽസുകളിലെ ആകർഷകമായ പരസ്യങ്ങൾ കണ്ട് വിശ്വസിച്ച് വിവാഹ സദ്യയുടെ ചുമതല ഏൽപ്പിച്ച പ്രവാസി കുടുംബത്തിന് നേരിടേണ്ടി വന്നത് വൻ ചതി. കാഞ്ഞിരപ്പള്ളിയിലെ ‘ഉദയം വെഡിങ് പ്ലാനേഴ്സ്’ എന്ന കേറ്ററിംഗ് സ്ഥാപനമാണ് കല്യാണദിവസം ഒരു ഗ്ലാസ് വെൽകം ഡ്രിങ്ക് പോലും നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയത്. ഇതോടെ മംഗളമുഹൂർത്തത്തിൽ ബന്ധുക്കൾക്കും അതിഥികൾക്കും മുന്നിൽ കുടുംബം കടുത്ത അപമാനം നേരിട്ടു.
​യുകെയിൽ ജോലി ചെയ്യുന്ന യുവാവും കാനഡയിലുള്ള സഹോദരിയും ചേർന്നാണ് നാട്ടിൽ വെച്ച് ചുരുക്കം ആളുകളെ മാത്രം പങ്കെടുപ്പിച്ച് ‘ഇന്റിമേറ്റ് വെഡ്ഡിങ്’ മാതൃകയിൽ വിവാഹം പ്ലാൻ ചെയ്തത്. നാട്ടിൽ ഓടിനടന്ന് കാര്യങ്ങൾ ചെയ്തു നൽകാൻ ആളില്ലാത്തതിനാലാണ് ഇവർ സോഷ്യൽ മീഡിയയുടെ സഹായം തേടിയത്. ഇൻസ്റ്റഗ്രാമിൽ കണ്ട കേറ്ററിംഗ് സംഘത്തിന്റെ റീൽസുകളിൽ ആകൃഷ്ടരായി ഇവരുമായി ബന്ധപ്പെടുകയായിരുന്നു. നാട്ടിലെത്തിയ ശേഷം, ഈ സംഘം ഭക്ഷണം ഒരുക്കിയ മറ്റൊരു പരിപാടിയിൽ നേരിട്ട് പങ്കെടുത്ത് ഭക്ഷണം രുചിച്ച് ബോധ്യപ്പെട്ട ശേഷമാണ് കുടുംബം അഡ്വാൻസ് തുക കൈമാറിയത്.
​എന്നാൽ വിവാഹച്ചടങ്ങുകൾ നടക്കുന്ന ദിവസം അതിഥികൾ എത്തിത്തുടങ്ങിയിട്ടും കേറ്ററിംഗ് സംഘത്തിന്റെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം പോലും ഹാളിൽ എത്തിയിരുന്നില്ല. പരിഭ്രാന്തരായ വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ “ദാ ഇപ്പോൾ എത്തും, വഴിയിലാണ്” എന്ന് മറുപടി നൽകിയ സംഘം, തൊട്ടുപിന്നാലെ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷരാവുകയായിരുന്നു.
​സ്വപ്നം കണ്ട രീതിയിൽ കല്യാണം നടത്താൻ സാധിക്കാതെ, അതിഥികൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കേണ്ട ഗതികേടിലായി കുടുംബം. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനം കണ്ണീരിലാഴ്ത്തുകയും, പണം തട്ടിയെടുക്കുകയും ചെയ്തവർക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം തട്ടിപ്പുകാരെ പൊതുസമൂഹം അകറ്റി നിർത്തണമെന്നുമാണ് ആവശ്യം. സോഷ്യൽ മീഡിയയിലെ പ്രൊമോഷനുകളുടെ ബാഹ്യമോടി മാത്രം കണ്ട് കേറ്ററിംഗ് സംഘങ്ങളെ പരിപാടികൾ ഏൽപ്പിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags