പാമ്പാക്കുട പഞ്ചായത്തിന്റെ പല ഭാഗങ്ങളിൽ കുടിവെള്ളം രൂക്ഷം. പിറമാടം മേഖലയിൽ മൂന്നാഴ്ചയായി വെള്ളം എത്തിയിട്ട്. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പാമ്പാക്കുട പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങൾ പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പു സമരം നടത്തി. വെട്ടിമുട് പമ്പുഹൗസിലേ 40 എച്ച് പി മോട്ടർ കേടായിട്ട് മൂന്നു മാസമായി. അന്നു മുതൽ പിറമാടം ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന കളപ്പാറ ടാങ്കിലേക്ക് വെള്ളമടിക്കുന്നത് ഭാഗീകമാക്കി. ടാങ്കിലേക്ക് വെള്ളമടിക്കുന്ന പൈപ്പ് ആൽപ്പാറ റോഡിൽ തകർന്നു കിടന്നിട്ടും മാസങ്ങളായി. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ നന്നാക്കാനും നടപടിയില്ല. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആഴ്ചയിൽ മൂവായിരം രൂപ മുടക്കി മിനിലോറികളിൽ വെള്ളം എത്തിച്ചാണ് ജീവിതം മുന്നോട്ടു നീക്കുന്നതെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു.മന്ത്രി അനൂപ് ജേക്കബ്, ജില്ലാ, ബ്ലോക്ക് ,പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവരെ കണ്ട് ജനങ്ങൾ പ്രശ്നം അവതരിപ്പിച്ചെങ്കിലും പ്രശ്ന പരിഹാരമുണ്ടാക്കുന്നില്ല. സമരത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി രതീശൻ, ബേബി ജോസഫ്, റീജ മോൾ ജോബി, അനന്തപത്മനാഭൻ ,സി ബി രാജീവ്, അല്ലി ദിനേശ്, ആതിര എം അജിത് എന്നിവർ സംസാരിച്ചു.



