പിറവം സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. പിറവം സ്നേഹഭവൻ റോഡിൽ വ്യാഴം പുലർച്ചെ ഒന്നോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച ജിഷ്ണു (31) നും പൊള്ളലേറ്റിട്ടുണ്ട്. വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തായ അരുൺ ഇന്നലെ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഈ സമയം ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചു എന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് ജിഷ്ണു കൃത്യം നടത്തിയത്. പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



