നാല് കോടി രൂപ മുടക്കി നവീകരിച്ച റോഡ് പൈപ്പ് പൊട്ടി തകർന്നു; അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം
നടക്കാവ് റോഡിൽ പെറ്റകുളം കുരിശിനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. നാലുകോടി രൂപ ചെലവിൽ ആഴ്ചകൾക്കുമുമ്പ് മാത്രം നവീകരണം പൂർത്തിയാക്കിയ റോഡാണ് തകർന്നത്. പതിറ്റാണ്ടുകൾക്ക് മുൻപിട്ട ആസ്ബസ്റ്റോസ് പൈപ്പാണ് രണ്ട് ഭാഗങ്ങളിലായി പൊട്ടിയത്.
അത്യാധുനിക ബി.എം ബി.സി (BM BC) നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡ് ഞായറാഴ്ച വലിയ ശബ്ദത്തോടെ പൊട്ടി വെള്ളം പുറത്തേക്ക് തെറിക്കുകയായിരുന്നു. തുടർന്ന് കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ മുറിച്ചുമാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ തിങ്കളാഴ്ച വൈകിട്ടോടെ പൂർത്തിയായി.
റോഡ് പുനർനിർമിക്കുന്നതിന് മുൻപ് കാലപ്പഴക്കം ചെന്ന ഈ പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിർമാണം പൂർത്തിയായി അധികനാൾ കഴിയുന്നതിന് മുൻപേയുണ്ടായ ഈ തകർച്ച കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.



