സംസ്ഥാനത്ത് ദിവസം അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
പീക്ക് സമയത്തെ അമിത ലോഡ് നിയന്ത്രിക്കുന്നതിനായി 30 മിനിറ്റിൽ താഴെയുള്ള നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഒഴിവാക്കി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലാകും ഈ നിയന്ത്രണം നടപ്പിലാക്കുക. ഓരോ പ്രദേശത്തും ഏകദേശം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്. വൈദ്യുതി ആവശ്യകത ക്രമാതീതമായി വർധിക്കുന്നത് പ്രസരണ വിതരണ മേഖലയെയും ഗ്രിഡിന്റെ സുരക്ഷയെയും ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി.
കടുത്ത വേനൽ ചൂട് കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് നിലയിലേക്ക് ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പലയിടത്തും താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതോടെ എസികളുടെയും ഫാനുകളുടെയും ഉപയോഗം വൻതോതിൽ വർധിച്ചു. കൂടാതെ, കേന്ദ്ര പൂളിൽനിന്നുള്ള വൈദ്യുതി വിഹിതത്തിൽ ഏകദേശം 200 മെഗാവട്ടിന്റെ കുറവ് അനുഭവപ്പെടുന്നതും ഇടുക്കി അടക്കമുള്ള പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിതമായി നടന്നിരുന്ന നിയന്ത്രണങ്ങൾ ഇനിമുതൽ ഔദ്യോഗികമായി തുടരുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം. എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിൽ ക്രമീകരിക്കുകയും അത്യാവശ്യമുള്ള മുറികളിൽ മാത്രം ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക.
പീക്ക് സമയത്ത് ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പ് സെറ്റ്, ഇലക്ട്രിക് ഹീറ്റർ, അയൺ ബോക്സ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നിർദേശിച്ചു.



