കൂത്താട്ടുകുളം: പാലക്കുഴയിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകി വൻ കൊഴിഞ്ഞുപോക്ക്. പാർട്ടി മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉൾപ്പെടെ 53 പ്രവർത്തകർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നു. സി.പി.എം ലോക്കൽ, ഏരിയാ സെക്രട്ടറിമാരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഷാജു ജേക്കബ് വ്യക്തമാക്കി.
പ്രദേശത്തെ പാർട്ടിയുടെ പ്രധാന മുഖങ്ങളായിരുന്ന നേതാക്കളാണ് സി.പി.എം വിട്ടവരിൽ ഭൂരിഭാഗവും. ഷാജു ജേക്കബിന് പുറമെ പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ജയ ,മുൻ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും സി.പി.ഐയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ്, മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ എബ്രഹാം തുടങ്ങിയ മുതിർന്ന നേതാക്കൾ ചേർന്ന് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേതാക്കളിൽ നിന്നും ഇവർ ഔദ്യോഗികമായി സി.പി.ഐ അംഗത്വം ഏറ്റുവാങ്ങി.
പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതാണ് ഇത്രയധികം പേർ ഒരുമിച്ച് പാർട്ടി വിടാൻ ഇടയാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ സി.പി.എം പ്രവർത്തകർ പാർട്ടി വിട്ട് സി.പി.ഐയിൽ എത്തുമെന്ന് നേതാക്കൾ പ്രതികരിച്ചു



