ഇടുക്കി ജീപ്പപകടം!

ഇടുക്കി ജീപ്പപകടം: കാക്കിയാനിക്കൽ കുടുംബത്തിനായി ചികിത്സാ സഹായനിധി രൂപീകരിച്ചു

കൂത്താട്ടുകുളം : കഴിഞ്ഞ ദിവസം ഇടുക്കി നാരകക്കാനത്ത് വെച്ചുണ്ടായ ജീപ്പപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുടുംബത്തെ സഹായിക്കുന്നതിനായി ‘സാജൻ കാക്കിയാനിക്കൽ ചികിത്സാ കുടുംബസഹായ നിധി’ രൂപീകരിച്ചു. അപകടത്തിൽ മരിച്ച സാറാമ്മയുടെ മകൻ സാജൻ, ഭാര്യ ജൂലിയറ്റ്, മകൾ സോളി, കൊച്ചുമക്കളായ ഏദൻ, എലിസബത്ത്‌, എൽദോസ് എന്നിവർ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇവരുടെ ഭീമമായ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിനായാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സഹായനിധിക്ക് രൂപം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മണ്ണത്തൂർ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹായനിധിയിലേക്കുള്ള ആദ്യ സംഭാവന കുറ്റത്തിനാൽ നിവാസികളിൽ നിന്നും എം.എൽ.എ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തമ്പി മണ്ടോളിപ്പറമ്പിൽ, സെക്രട്ടറി ഷിബു പി ജോസഫ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, കെ.എം ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ എബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈസി ടോമി, സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, അനിത ജേക്കബ്ബ്, ഏബിൾ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ സുരേഷ്, ബിനോയ് കുര്യാക്കോസ്, എ.സി ജോൺസൺ, കെ.എസ് മായ, ലിസി രാജൻ, ബിനോയ് കള്ളാട്ടുകുഴി, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികളായ വി.ഒ മത്തച്ചൻ, സാജു മടക്കാലി തുടങ്ങിയവർ പ്രസംഗിച്ചു.
രക്ഷാധികാരിയായി അനൂപ് ജേക്കബ് എം.എൽ.എ, ചെയർമാൻ: ജോൺസൺ കെ വർഗീസ് കൺവീനർ മഞ്ജുഷ സുരേഷ്, ജനറൽ സെക്രട്ടറി ബെന്നി പൈലി നെടുംതടത്തിൽ, ട്രഷറർ ബിനോയ് കുര്യാക്കോസ് എന്നിവരെ തിരഞ്ഞെടുത്തു.
​സുമനസ്സുകളിൽ നിന്നും സഹായം സ്വീകരിക്കുന്നതിനായി പാമ്പാക്കുട ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ഫെഡറൽ ബാങ്ക്, പാമ്പാക്കുട ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 18490100072522
IFSC Code: FDRL0001849

​ചിത്രവിവരണം: സാജൻ കാക്കിയാനിക്കൽ ചികിത്സാ കുടുംബസഹായ നിധിയിലേക്കുള്ള ആദ്യ സംഭാവന കുറ്റത്തിനാൽ നിവാസികളിൽ നിന്നും അനൂപ് ജേക്കബ് എം.എൽ.എ ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *