തിരുവനന്തപുരം: യു.ഡി.എഫ് മുന്നോട്ടുവച്ച ‘ഇന്ദിരാ ഗ്യാരൻ്റി’യിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. ബസുകളിൽ ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. യാത്രക്കാരുടെ ലിംഗവിവരം (ജെൻഡർ) രേഖപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരിക്കുന്ന പുതിയ നിർദേശം.
ടിക്കറ്റ് മെഷീനുകളിൽ പുതിയ മാറ്റം
പുതിയ മാറ്റത്തിന്റെ ഭാഗമായി കണക്കെടുപ്പ് സുഗമമാക്കുന്നതിന് ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ടിക്കറ്റ് നൽകുന്ന സമയത്ത് തന്നെ യാത്രക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് കൃത്യമായി രേഖപ്പെടുത്താൻ സാധിക്കും.
ലക്ഷ്യം പുതിയ പദ്ധതികൾ
കെ.എസ്.ആർ.ടി.സി ബസുകളിൽ ദിനംപ്രതി യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ പുതിയ ടിക്കറ്റിങ് സംവിധാനത്തിലൂടെ കൃത്യമായി മനസിലാക്കാൻ കഴിയും. നിലവിൽ ഇത്തരത്തിൽ പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് ശേഖരിക്കുന്നുണ്ട്. ഈ കണക്കെടുപ്പിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സ്ത്രീകൾക്കായി കൃത്യമായ പദ്ധതികൾ രൂപീകരിക്കാൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.



