തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (സെപ്റ്റംബർ 2026) അപേക്ഷാ തീയതി ഒക്ടോബർ ഏഴ് വരെ നീട്ടി. അപേക്ഷാ സമർപ്പണ വേളയിൽ വിവരങ്ങൾ തെറ്റിപ്പോയവർക്ക് അത് തിരുത്താനും ഒക്ടോബർ ഏഴ് വരെ അവസരമുണ്ടാകും. ഒക്ടോബർ ഒന്നു മുതലാണ് ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
അപേക്ഷ സമർപ്പിച്ച എല്ലാ പരീക്ഷാർത്ഥികളും കെ-ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ktet.kerala.gov.in സന്ദർശിച്ച് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. വെബ്സൈറ്റിലെ ‘Candidate Login’ വഴി ആപ്ലിക്കേഷൻ നമ്പർ, ആപ്ലിക്കേഷൻ ഐ.ഡി എന്നിവ നൽകി ലോഗിൻ ചെയ്ത ശേഷം ‘Application Edit’ എന്ന ലിങ്ക് വഴിയാണ് തിരുത്തലുകൾ വരുത്തേണ്ടത്. അപേക്ഷയിൽ നൽകിയിട്ടുള്ള ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ശരിയാണോ എന്ന് ഉദ്യോഗാർത്ഥികൾ നിർബന്ധമായും പരിശോധിക്കണം.
നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ, പരീക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജനന തീയതി, ജെൻഡർ, വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുത്ത ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല എന്നിവയിലാണ് നിലവിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുക.
പരീക്ഷ സമയബന്ധിതമായി നടത്തേണ്ടതിനാൽ ഇനി അപേക്ഷാ തീയതിയോ തിരുത്താനുള്ള സമയപരിധിയോ നീട്ടി നൽകുന്നതല്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഉദ്യോഗാർത്ഥികൾ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപടികൾ പൂർത്തിയാക്കേണ്ടതാണ്.



