കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ ഉൾപ്പടെയുള്ള മാരക രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു

കുന്നത്തൂർ: കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ ഉൾപ്പടെയുള്ള മാരക രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ ‘അദ്വൈതം’ വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരിൽ വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് ഒളിവിൽ താമസിക്കുകയായിരുന്നു ഈ കമിതാക്കൾ.

അന്വേഷണം വഴിത്തിരിവായത് ഇങ്ങനെ:

കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്താംകോട്ട ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് 23 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി പിടിയിലായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ഷംനാദിനെ കസ്റ്റഡിയിൽ വാങ്ങി ബംഗ്ലൂരിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് ലഹരിമരുന്ന് കൈമാറുന്ന സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേരും ഒരു കർണാടക സ്വദേശിയും നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിലെ സൂത്രധാരന്മാരായ അദ്വൈതയെയും സിജാഹിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.

മുഹമ്മദ് സിജാഹ്: മുൻപും ലഹരിമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾക്കെതിരെ തിരുവനന്തപുരം അമരവിള, കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിൽ എം.ഡി.എം.എ കടത്തിയതിന് കേസുകളുണ്ട്.

അദ്വൈത: ബംഗ്ലൂരിൽ റേഡിയോളജി വിദ്യാർത്ഥിനിയാണ്.

വർഷങ്ങളായി ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡി.വൈ.എസ്.പി പ്രസാദ്, എസ്.എച്ച്.ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. എസ്.ഐ ശരത് കെ.പി, എ.എസ്.ഐ ബിജു കെ.ആർ, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, വുമൺ സി.പി.ഒ അഞ്ചു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *