ചെന്നൈ ആസ്ഥാനമായ അമറ്റ് യൂണിവേഴ്സിറ്റിയും ഡോ. ജെ രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും സംയുക്തമായി നല്കുന്ന ഗുരുരത്ന ലൈഫ് ടൈം അച്ചീവ്മെന്റ് 2026 അവാർഡ് കൂത്താട്ടുകുളം സ്വദേശിയായ ഡോ. ബിനോയി പുന്നത്താനത്തിന് ലഭിച്ചു. പ്രശസ്തിപത്രവും മെമെന്റൊയും ഗോൾഡ് മെഡലും 10000 രൂപയും ഉൾപെടുന്നതാണ് അവാർഡ്. മുപ്പത് വർഷത്തിലേറെ ഉള്ള അധ്യാപന മികവും ഗവേഷണ രംഗത്തെ സംഭാവനകളും അക്കാഡമികേതര സ്കൂൾ വികസന പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും കണക്കിലെടുത്ത് ഡോ. ബിനോയിയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനായി തിരഞ്ഞെടുക്കുകയായിരുന്നു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ചെന്നൈയിലെ അമെറ്റ് യൂണിവേഴ്സിറ്റി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ, സെപ്റ്റംബർ 20 ന് അവാർഡ് സമ്മാനിക്കും.
ഡോ. ബിനോയിക്ക് കോട്ടയം എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച പ്രബന്ധത്തിനുള്ള അവാർഡും സെൻസർ ഗവേഷണ രംഗത്തെ ന്യൂതന ആശയ വികസനത്തിന് മദ്രാസ് ഐ. ഐ. ടി. യിൽ നിന്നും ടെക്നിക്കൽ എക്സലെൻസ് അവാർഡും ലഭിച്ചിരുന്നു. ഡിപ്പാർട്ട്മെന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും നേരത്തേ ലഭിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനങ്ങൾ കണക്കിലെടുത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിന് ഹയർ സെക്കണ്ടറി അസ്സി. കോർഡിനേറ്ററായി നിയമനം നല്കി.
സ്കൂളുകളിൽ ദൗതികശാസ്ത്രം പഠിപ്പിക്കുന്നതിനോടൊപ്പം സ്കൂൾ പരിസരം വൃത്തിയും ഭംഗിയും ആക്കുവാൻ ജോലി ചെയ്ത ഓരോ സ്ഥാപനത്തിലും മറ്റ് അധ്യാപകരെയും തദ്ദേശ സ്ഥാപന അധികാരികളെയും പി. ടി. എ. ഭാരവാഹികളെയും കൂട്ടിചേർത്തുള്ള പരിശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങി മാതൃകയുമായി.
കലാ കായിക മേളകളുടെ നടത്തിപ്പിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള സംഘാടനത്തിൽ സജീവ പങ്കാളിത്തവും നേതൃത്വവും നല്കി ജനകീയ ശ്രദ്ധ നേടി.
സേവന മേഖലയിലും സജീവമായി പ്രവർത്തിച്ചു. വൈസ് മെൻസ് ഇന്റർനാഷണൽ ക്ലമ്പിന്റെ ഇന്ത്യ ഏരിയയിലെ മികച്ച ജില്ലാ സെക്രട്ടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും തനതായ സമൂഹ്യ പ്രവ ർത്തനങ്ങൾക്ക് നേതൃത്വം നല്കി.
ജെൻസി വിദ്ധ്യാർത്ഥികളുമായി സംവദിക്കുന്നതിന് കൂടുതൽ കാര്യക്ഷമത ലഭിക്കുവാൻ ഇദ്ദേഹം സൈക്കോളജിയിൽ എം. എ. ബിരുദവും കരസ്ഥമാക്കി.
കോതമംഗലം എം എ കോളജ്, കോട്ടപ്പടി മാർ ഏലിയാസ്, ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളായ മുരിക്കാട്ടുകുടി, മുവാറ്റുപുഴ മോഡൽ, കുന്നംകുളം ബോയ്സ്, നേര്യമംഗലം, പല്ലാരിമംഗലം, കടപ്പൂർ, നാമക്കുഴി, എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലായി നാല് ജില്ലകളിൽ സേവനമനുഷ്ടിച്ചു. നിലവിൽ പിറവം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫിസിക്സിൽ സെലക്ഷൻ ഗ്രേഡ് സീനിയർ അധ്യാപകനാണ്.
അംഗീകൃത അധ്യാപക സംഘടനാ പ്രവർത്തനങ്ങളിലും സജീവമായി നിലനിന്ന് അധ്യാപകരുടെയും വിദ്ധ്യാർത്ഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്നു. നിലവിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസ്റ്റോസിയേഷന്റെ (HSSTA) സംസ്ഥാന വൈസ് പ്രസിഡന്റും , ഹയർ സെക്കണ്ടറി ഫിസിക്സ് ടീച്ചേഴ്സ് അസ്സോസിയേഷന്റെ എറണാകുളം ജില്ല വൈസ് പ്രസിഡന്റുമാണ്.
ഭാര്യ ജിഷ വർഗീസ് കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ അസ്സി. പ്രഫസറാണ്. വിദ്ധ്യാർത്ഥികളായ മക്കളിൽ നേഹ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലും ക്രിസ്സ് കുര്യനാട് ചവറാ സ്കൂളിലും പഠിക്കുന്നു.



