പിറവം മണ്ഡലത്തിൽ റോഡ് വികസനത്തിന് 35 ലക്ഷം രൂപ അനുവദിച്ചു…

പിറവം: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനും സുരക്ഷാ നവീകരണത്തിനുമായി 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച ഈ തുക ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
മണ്ഡലത്തിലെ പിറവം പൊതുമരാമത്ത് സെക്ഷനു കീഴിലുള്ള വിവിധ റോഡുകൾക്കായി 20 ലക്ഷം രൂപയും, കൂത്താട്ടുകുളം പൊതുമരാമത്ത് സെക്ഷന് കീഴിലുള്ള റോഡുകൾക്കായി 15 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിപുലമായ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡബ്ല്യു ബീം മെറ്റൽ ക്രാഷ് ബാരിയറുകൾ പാതകളിൽ സ്ഥാപിക്കും. രാത്രികാല യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പ്രിസ്മാറ്റിക് റോഡ് സ്റ്റഡുകൾ, തെർമോപ്ലാസ്റ്റിക് ലൈൻ മാർക്കിങ്ങുകൾ, ഇൻ്റൻസിറ്റി ടേപ്പുകൾ, ഒബ്ജക്റ്റ് ഹസാർഡ് മാർക്കറുകൾ, ഷെവ്റോൺ കർവ് ഇൻഡിക്കേറ്ററുകൾ എന്നിവയും സജ്ജമാക്കും.
കൂടാതെ, പ്രധാന ജങ്ഷനുകളിൽ സോളാർ സിഗ്നൽ സംവിധാനങ്ങളും സോളാർ ബ്ലിങ്കറുകളും സ്ഥാപിക്കും. ഇതിനു പുറമെ ദിശാസൂചക ബോർഡുകൾ, കോൺവെക്സ് മിററുകൾ, അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. റോഡുകളുടെ അനുബന്ധ അറ്റകുറ്റപ്പണികളും ഉപരിതല ഡ്രെയിനേജ് സംവിധാനങ്ങളുടെ നിർമാണവും ഈ വികസന പദ്ധതിയുടെ ഭാഗമായി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ യാത്രാക്ലേശങ്ങൾക്കും അപകടങ്ങൾക്കും വലിയൊരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags