വൊഡാഫോൺ ഐഡിയയുടെ ‘പോസ്റ്റ്‌പെയ്ഡ് കെണി’; ഒറ്റ കോളിൽ കണക്ഷൻ മാറും, ദുരിതത്തിലായി സാധാരണക്കാർ

എറണാകുളം: ഉപഭോക്താക്കളുടെ സമ്മതമോ കൃത്യമായ അറിവോ ഇല്ലാതെ ഒറ്റ ഫോൺ കോളിലൂടെ പ്രീപെയ്ഡ് കണക്ഷനുകൾ പോസ്റ്റ്‌പെയ്ഡാക്കി മാറ്റി വൊഡാഫോൺ ഐഡിയയുടെ (Vi) ഇരുട്ടടി. മൊബൈൽ റീചാർജ് ചെയ്യുന്നതിനായി കടകളിൽ എത്തുമ്പോഴാണ് തങ്ങളുടെ സിം പോസ്റ്റ്‌പെയ്ഡായി മാറിയ വിവരം പലരും അറിയുന്നത് തന്നെ. ജില്ലയിലുൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരാണ് ഈ തട്ടിപ്പിനിരയായി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നത്.
​അറിയാതെ പോസ്റ്റ്‌പെയ്ഡായി മാറിയ കണക്ഷൻ തിരികെ പ്രീപെയ്ഡാക്കി മാറ്റണമെങ്കിൽ മൂന്ന് മാസം കാത്തിരിക്കണമെന്നതാണ് കമ്പനിയുടെ പ്രധാന വ്യവസ്ഥ. ഇതിനുപുറമെ, സേവനങ്ങൾക്കും പരാതി പരിഹാരങ്ങൾക്കുമായി കമ്പനിയുടെ നേരിട്ടുള്ള സ്റ്റോറുകൾ അന്വേഷിച്ചു കണ്ടുപിടിച്ച് നേരിട്ട് ചെല്ലേണ്ട ഗതികേടിലാണ് വരിക്കാർ. കസ്റ്റമർ കെയറിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
​ഈ ദുരിതം സഹിച്ച് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് നമ്പർ പോർട്ട് ചെയ്ത് പോകുന്നവർക്കും കമ്പനിയിൽ നിന്ന് രക്ഷയില്ല. പുതിയ കണക്ഷനിലേക്ക് മാറിയാലും പഴയ അക്കൗണ്ടിൽ ബിൽ കുടിശ്ശികയുണ്ടെന്ന് കാണിച്ച്, പോർട്ട് ചെയ്ത നമ്പർ ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ കമ്പനി സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി ഉപഭോക്താക്കൾ ആരോപിക്കുന്നു. ഇത് പലരുടെയും ഔദ്യോഗിക-വ്യക്തിഗത ആശയവിനിമയങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
​ഇതിന് പുറമെയാണ് ബിൽ അടയ്ക്കാൻ വൈകിയാൽ ചുമത്തുന്ന അമിതമായ പിഴ. യാതൊരു മുന്നറിയിപ്പുമില്ലാതെ അടിച്ചേൽപ്പിക്കുന്ന ഈ പോസ്റ്റ്‌പെയ്ഡ് ബില്ലുകളും ഭീമമായ പിഴയും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രീപെയ്ഡ് നമ്പറുകൾ പോസ്റ്റ്‌പെയ്ഡാക്കുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും (ട്രായ്) അധികൃതരുടെയും ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വരിക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags