തുറക്കാത്ത വാതിലുകൾ, അണഞ്ഞ വെളിച്ചം: മധ്യകേരളത്തിൽ അടഞ്ഞുകിടക്കുന്ന വീടുകൾ പെരുകുന്നു; യൂറോപ്പിലേക്ക് പോയവർ മടങ്ങുന്നില്ല
കൊച്ചി/കോട്ടയം/പത്തനംതിട്ട: സന്ധ്യ മയങ്ങിയാൽ തെളിയാത്ത ലൈറ്റുകൾ, തുറക്കാത്ത വലിയ ഇരുമ്പ് ഗേറ്റുകൾ, മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന ഇന്റർലോക്ക് കട്ടകൾ… എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളത്തിലൂടെ യാത്ര ചെയ്താൽ ഇപ്പോൾ പതിവായി കാണുന്ന കാഴ്ചയാണിത്. എറണാകുളത്തിന്റെ അതിർത്തി മേഖലകളായ പിറവം, കൂത്താട്ടുകുളം, കോലഞ്ചേരി മേഖലകൾ എന്നിവിടങ്ങളിലും, കോട്ടയം ജില്ലയിലെ ഉഴവൂർ, കുറപ്പുംതറ, തുടങ്ങി ഒരുപാട് സ്ഥലങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലും, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും ഈ പ്രവണത ഇപ്പോൾ ഏറ്റവും രൂക്ഷമായിട്ടുള്ളത്. കോടികൾ മുടക്കി പണിത കൂറ്റൻ വീടുകൾ പോലും നോക്കിനടത്താൻ ആളില്ലാതെ ‘ഗോസ്റ്റ് ഹൗസുകളായി’ (Ghost Houses) മാറുന്ന വലിയ സാമൂഹിക മാറ്റത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
മടങ്ങിവരാത്ത യുവതലമുറയും പുതിയ കുടിയേറ്റവും
പഴയ ഗൾഫ് പ്രവാസത്തിൽ നിന്ന് വ്യത്യസ്തമായ പുതിയ കുടിയേറ്റ രീതിയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. മുൻപ് ഗൾഫിലേക്ക് പോയിരുന്നവർ അവിടെ ജോലി ചെയ്ത് സമ്പാദിച്ച് നാട്ടിൽ വലിയ വീടുകൾ വെക്കുകയും, പ്രായമാകുമ്പോൾ നാട്ടിലേക്ക് തന്നെ മടങ്ങിവരുകയും ചെയ്തിരുന്നു. ആ കാലത്ത് വലിയൊരു വീട് എന്നത് മലയാളിക്ക് സമൂഹത്തിലെ ഒരു ‘സ്റ്റാറ്റസ് സിംബൽ’ ആയിരുന്നു.
എന്നാൽ ഇന്നത്തെ യുവതലമുറ യുകെ, അയർലൻഡ്, ജർമ്മനി തുടങ്ങിയ യൂറോപ്പിയൻ രാജ്യങ്ങളിലേക്കും കാനഡ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. പഠനത്തിനും ജോലിക്കുമായി പോകുന്ന ഇവർ അവിടെത്തന്നെ പി.ആർ (Permanent Residency) എടുത്ത് സ്ഥിരതാമസമാക്കുന്നു. തിരുവല്ല പോലുള്ള പ്രവാസികളുടെ ഈറ്റില്ലങ്ങളിലും യൂറോപ്പിലേക്ക് ചേക്കേറുന്ന പുതിയ തലമുറയ്ക്ക് നാട്ടിലേക്ക് തിരികെ വരാനോ, ഇവിടെ വലിയ വീടുകൾ നിർമ്മിച്ച് താമസിക്കാനോ യാതൊരു താല്പര്യവുമില്ല. അവിടെയുള്ള മികച്ച ജീവിതസാഹചര്യങ്ങൾ ഉപേക്ഷിച്ച് അവർ മടങ്ങിവരുന്നില്ല എന്നത് തന്നെയാണ് വീടുകൾ അനാഥമാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.
ഏകാന്തതയിലാകുന്ന വാർദ്ധക്യം
ഉഴവൂർ, കുറപ്പുംതറ, ഇലഞ്ഞി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. മക്കൾ വിദേശത്തായതിനാൽ ഇവരുടെ കാലശേഷം ഈ വീടുകൾ പൂർണ്ണമായും അടച്ചിടേണ്ടി വക്കുന്നു. ചിലർ പ്രായമായ മാതാപിതാക്കളെക്കൂടി തങ്ങൾക്കൊപ്പം വിദേശത്തേക്ക് കൊണ്ടുപോകുന്നതോടെ പല വീടുകളും എന്നെന്നേക്കുമായി പൂഴിയടയുകയാണ്.
തളരുന്ന പ്രാദേശിക സമ്പദ്വ്യവസ്ഥ
വീടുകൾ ഒഴിഞ്ഞുകിടക്കുന്നതും യുവതലമുറ പൂർണ്ണമായും നാടുവിടുന്നതും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഉഴവൂർ, കുറപ്പുംതറ, കൂത്താട്ടുകുളം, തിരുവല്ല പോലെയുള്ള ചെറുപട്ടണങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും നാട്ടുചന്തകൾക്കും ഇത് വലിയ തിരിച്ചടിയാണ്. ഓൺലൈൻ ഷോപ്പിംഗിന്റെ അതിപ്രസരത്തിനൊപ്പം നാട്ടിൽ പണം ചിലവാക്കാൻ ആളില്ലാതാകുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ വലിയ തോതിൽ തളർത്തുന്നു. ചെറുകിട വ്യാപാരികളുടെ നിലനിൽപ്പ് തന്നെ ഇന്ന് ചോദ്യചിഹ്നമായിരിക്കുകയാണ്.
വലിയ വീടുകൾ എന്ന സാമ്പത്തിക ബാധ്യത
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് കേരളത്തിലെ കാലാവസ്ഥയിൽ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കും. ഇവയുടെ അറ്റകുറ്റപ്പണികൾക്കും നികുതി അടയ്ക്കാനുമായി ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്നത് വിദേശത്തുള്ളവർക്കും വലിയ ബാധ്യതയാകുന്നു. കോടികൾ വിലമതിക്കുന്ന ഈ വലിയ വീടുകൾ വിൽക്കാൻ വച്ചിട്ടും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വലിയ വീടുകൾക്ക് പകരം പരിപാലിക്കാൻ എളുപ്പമുള്ള ചെറിയ വീടുകൾക്കും ഫ്ലാറ്റുകൾക്കുമാണ് ഇപ്പോൾ ആവശ്യക്കാർ.
മാത്രമല്ല, മാസങ്ങളോളവും വർഷങ്ങളോളവും അടഞ്ഞുകിടക്കുന്ന വീടുകൾ മോഷ്ടാക്കളുടെ സ്ഥിരം താവളമാകുന്നുണ്ട്. പറമ്പുകൾ കാടുപിടിച്ച് കിടക്കുന്നത് ഇഴജന്തുക്കളുടെ ശല്യത്തിനും മറ്റ് സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഒരു കാലത്ത് വലിയ വീടുകൾ കുടുംബത്തിന്റെ അഭിമാനമായി കണ്ടിരുന്ന മലയാളി സമൂഹത്തിന്, ഇന്ന് അതേ വീടുകൾ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു.



