പാലാ: കെ.എം. മാണി സ്മാരക ആശുപത്രിയുടെ പരിസരത്ത് പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി ഷെഡുകളും ബങ്കുകളും സ്ഥാപിക്കുന്നുവെന്നാരോപിച്ച് വിവിധ അധികാരികൾക്ക് പരാതി നൽകിയതായി കണക്കാടി സി.എസ്.ഐ. ലോ കോളജിലെ മൂന്നാം വർഷ നിയമ വിദ്യാർഥിയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിലെ പാരാ ലീഗൽ വൊളന്റിയറുമായ അനൂപ് ബോസ്. പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആശുപത്രിയുടെ മുൻവശത്തെ ലിങ്ക് റോഡിനായി നേരത്തെ അളവെടുപ്പും സ്കെച്ചുകളും തയാറാക്കി കല്ലുകൾ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ ഷെഡുകളും ബങ്കുകളും സ്ഥാപിക്കുന്നതെന്നാണ് അനൂപിന്റെ ആരോപണം. നഗരസഭ അനുമതി നൽകിയിരിക്കുന്നത് ഉന്തുവണ്ടി കച്ചവടത്തിനാണെങ്കിലും അതിനു പകരം ഇരുമ്പ് ഫ്രെയിമുകളും വെൽഡിങ്ങും ഉൾപ്പെടെയുള്ള സ്ഥിരം കെട്ടിടസമാനമായ നിർമാണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് പാലാ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും സമയബന്ധിതമായി അന്വേഷണം നടത്തിയില്ലെന്നും പരാതിയുടെ പകർപ്പ് എതിർകക്ഷികൾക്ക് കൈമാറിയെന്നും അനൂപ് ആരോപിച്ചു. പരാതിയുടെ തുടർനടപടികൾക്കിടെ തനിക്കെതിരെ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ പരാതി നൽകിയെങ്കിലും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവരിൽനിന്ന് എഴുതി വാങ്ങിയതായും അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ജൂലൈ 28ന് ജില്ലാ കലക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായും അനൂപ് പറഞ്ഞു. സ്ഥലത്തിന്റെ യഥാർഥ സ്ഥിതി കണ്ടെത്തുന്നതിനായി സെപ്റ്റംബർ 29ന് ജിപിഎസ് സർവേ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത നിർമാണങ്ങൾ ആശുപത്രി വികസനത്തിന് ആവശ്യമായ സ്ഥലം നഷ്ടപ്പെടുന്നതിനും പാർക്കിങ് സൗകര്യം കുറയുന്നതിനും കാരണമാകുന്നുവെന്നും അനൂപ് ചൂണ്ടിക്കാട്ടി. ചില ഷെഡുകൾക്ക് വൈദ്യുതി കണക്ഷൻ നൽകിയതിന്റെ മാനദണ്ഡങ്ങളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്യാസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന കടകൾ ആശുപത്രി, മെഡിക്കൽ സ്റ്റോർ, ലോഡ്ജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപത്തായതിനാൽ സുരക്ഷാ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ സെക്രട്ടറിക്കെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും വിവിധ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അനൂപ് വ്യക്തമാക്കി. പരാതികൾ വ്യക്തിവിരോധത്തിന്റെ ഭാഗമല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന പൊതുതാൽപര്യമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഭീഷണിയുണ്ടായതായും അനൂപ് ആരോപിച്ചു. വാഹനത്തിൽ നിരോധിത വസ്തുക്കൾ വച്ച് കുടുക്കുമെന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ആശുപത്രിയുടെ വികസനവും പൊതുതാൽപര്യവും മുൻനിർത്തി വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് അനൂപ് ബോസ് ആവശ്യപ്പെട്ടു.



