തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു
തിരുവനന്തപുരം: ജില്ലയുടെ പുതിയ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. വിഴിഞ്ഞം പോർട്ട് പ്രൊജക്ട് പുനരധിവാസ ചുമതല കൂടി പുതിയ കളക്ടർ വഹിക്കും. മുൻ ജില്ലാ കളക്ടറായിരുന്ന അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായാണ് പുതിയ സ്ഥാനമേൽക്കുന്നത്.
2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ.എസ്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ തുടങ്ങിയ നിലകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കെ.എസ്.ബി.സി.ഡി.സി എം.ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഇൻസ്ട്രുമെൻ്റേഷനിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അഞ്ജു കെ.എസ് പാലക്കാട് സ്വദേശിനിയാണ്. നവരോഷ് ആണ് ഭർത്താവ്, മകൻ അഥർവ്.



