അടിമാലി: ദുരന്ത നിവാരണത്തിന്റെ മറവിൽ ജനവിരുദ്ധ ഉത്തരവിറക്കി ജനങ്ങളെ ദ്രോഹിക്കുന്ന ജില്ലാ കളക്ടറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറുവരെ യാത്രയ്ക്കും കൃഷി അനുബന്ധ ജോലികൾക്കും ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കളക്ടറുടെ ഉത്തരവിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ മാസം അവസാനത്തോടെ കളക്ടറേറ്റിലേക്ക് വൻ ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കർഷക സംഘടനകളുടെ സഹകരണത്തോടെയാകും മാർച്ച് നടത്തുക.
രണ്ടു ലക്ഷം ഏക്കർ തോട്ടം ഭൂമിയും കർഷകരുടെ കൃഷിഭൂമിയും വ്യാപാര കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് ഇടുക്കി ജില്ല. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം വ്യാപാര കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലകളിലേക്കും പോകുന്നതിനും തിരികെ എത്തുന്നതിനും ജനങ്ങൾക്ക് രാത്രിയാത്ര ഒഴിവാക്കാനാവാത്തതാണ്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് ജനങ്ങളെ ദ്രോഹിക്കുന്ന വിചിത്ര ഉത്തരവുമായി കളക്ടർ രംഗത്തെത്തിയിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ സർക്കാരും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, വൈസ് പ്രസിഡന്റ് പി.എം. ബേബി, ഭാരവാഹികളായ ഡയസ് ജോസ് പുല്ലൻ, സാന്റി മാത്യു കണ്ണാട്ട് എന്നിവരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.



